Sunday, January 30, 2011

ആക്രിക്കട



പത്രമാസികകളേറെ കെട്ടിക്കിടപ്പുണ്ടെന്‍

തട്ടിന്‍ പുറം ചിതലരിച്ചു തുടങ്ങിനാന്‍

മല്‍ പ്രിയതമ വന്നു തെല്ലു നീരസത്തോടെ

ചൊല്ലിനേനിപ്രകാരം "മല്‍പ്രിയാ കേട്ടുകൊള്‍ക

തട്ടിന്‍പുറമാകെ ചിതലരിച്ചയ്യോ പത്രമാസികകള്‍

കൂമ്പാരം കെട്ടിപ്പുട്ടി വെച്ചതിന്‍ ഫലമാകാം

ഇന്നത്‌ മാറ്റി വേഗം ചെന്നാക്രിക്കടയതില്‍

കൊടുത്തു വരിക നീ തെല്ലുമേ മടിയാതെ

പ്രിയ തന്‍ രോഷം പുണ്ട നോട്ടമേല്‍ക്കാന്‍ വയ്യാതെ

കയറീ തട്ടിന്‍ പുറത്തുള്ളൊരാ പത്രക്കെട്ടും

വര്‍ഷമേറെയായ്‌ഞാന്‍നിധി പോല്‍ കാത്തുകാത്തൊരാ

കൊച്ചു കൊച്ചു സ്വപ്‌നങ്ങള്‍ തന്‍ കുടീരങ്ങളാകെ

പത്രവും മാസികയും ഒക്കെയും കെട്ടിപ്പൂട്ടി

കൊച്ചു കൈവണ്ടി തന്നില്‍ കരേറ്റിടിനേന്‍ ഞാനും

മല്‍പ്രിയതമയവള്‍ ചൊന്നപോല്‍ ശീഘ്രമുടന്‍

തൊട്ടടുത്തുള്ളോരാക്രി ക്കടയില്‍ ചെന്നേന്‍ തോഴാ

എത്രയുണ്ടിതെന്നൊന്നു തൂക്കി നോക്കുമോ ഭവാന്‍?

എന്ന് ഞാന്‍ ചോന്നതൊട്ടും പിടിച്ചില്ലാക്രിക്കാരന്‍

തെല്ലു പുശ്ചത്തോടുടന്‍ ഉര ചെയ്താനവന്‍

കേള്‍ക്കു നീ തൂക്കാനും അളക്കാനും ഒന്നുമില്ല

ത്രാസും കേടാണ് പിന്നെ എന്നനുഭവം വെച്ച്

ചൊല്ലാം, ഞാന്‍ തരാം അമ്പത്താറുരൂപയിതിന്നാകെ

വേണമെങ്കില്‍ രൂപ വാങ്ങി താങ്കള്‍ക്ക് പോകാം

എത്രയും പരിതാപമോടെഞാന്‍നിന്നീടവേ

തുരുമ്പിച്ച സൈക്കിള്‍ ചക്രങ്ങള്‍ക്കിടയിലാ

കെട്ടിവെച്ചോരു നല്ല പുസ്തകശേഖരങ്ങള്‍,

ഉള്ളൂരും,വള്ളത്തോളും,ആശാനും,ചെറുശ്ശേരി,

പിന്നെ ജിശങ്കരക്കുറുപ്പിന്‍ കൃതികളും

ഒക്കവേയലസമായ്‌ ഇട്ടിരുപ്പൊരുകോണില്‍

തൊട്ടടുത്തഹോ മാറും,മൊഞ്ചുള്ളയുടല്‍കാട്ടി

ചിത്രകന്യകകള്‍ പുറംചട്ടയില്‍ കൊതിപ്പിക്കും

ഒത്തിരി പുസ്തകങ്ങള്‍വൃത്തിയായടുക്കിയാ

ക്കടയില്‍ വില്‍ക്കാനായി വച്ചിരുന്നത് കണ്ടേന്‍

എന്തു വില ഈ പുസ്തകങ്ങള്‍ക്കൊക്കെ ഞാനും

തെല്ലു ശങ്കയോടൊന്നു കേട്ടതും ചൊല്ലിയവന്‍

അക്കോണിലിരിക്കുന്ന ചപ്പുചവറുകള്‍ക്കെല്ലാം

മൊത്തമായ് അഞ്ചുരൂപ പിന്നെയീ കാണുന്നൊരാ

കൊച്ചു പുസ്തകങ്ങള്‍ക്കോരോന്നിനും വേണം

പത്തിന്‍റെപുത്തന്‍നോട്ടു കേള്‍ക്കു നീ മല്‍ സുഹൃത്തെ

ഓര്‍ത്തുപോയ് ഞാനിന്നീ കേരളക്കരയിലെ

സാക്ഷരരാം പൊന്‍മക്കള്‍  കാട്ടുന്നോരാഭാസങ്ങള്‍

വേണ്ടവര്ക്കിന്നീ മഹത്തുക്കള്‍തന്‍ കൃതികളും

അക്ഷരമാത്മാവുള്ള ചേതനാ സന്തതികള്‍

വേണ്ടത തൊന്നുമാത്രമക്ഷരമറിയാത്ത

പാമരര്‍ മദ്യത്തിന്‍റെ ലഹരിയതില്‍ തീര്‍ത്ത

സഭ്യതക്കുതകാത്തസന്മാര്‍ഗ്ഗ സാഹിത്യത്തിന്‍

താളുകള്‍ വായിക്കുവാന്‍ വേണ്ടതതൊന്നുമാത്രം.

Saturday, January 29, 2011

അന്നുമിന്നും







അന്ന് ഭാരം ചുമപ്പോര്‍ക്ക് കല്ലത്താണിയും,

അന്തിക്ക്ചേക്കേറാന്‍ വഴിയമ്പലങ്ങളുമുണ്ടായിരുന്നു,



അന്ന് പാതവക്കത്ത് തണല്‍മരങ്ങള്‍

നിഴല്‍പ്പാവിരിച്ചു തേന്‍കനി നല്‍കി സ്വീകരിച്ചിരുന്നു,



അന്ന് നറും പാല്‍ തുളുമ്പും ചില്ലുകുപ്പികളേന്തി

ചെറുകിടാങ്ങള്‍വീടുകള്‍ തോറും നന്മ വിതറിയിരുന്നു



അന്ന് മാമാരച്ചില്ലകളില്‍ കരിംകാക്കകള്‍

കൂട്‌കൂട്ടി ച്ചുറ്റുവട്ടാരം കൊത്തിമിനുക്കിയിരുന്നു,



അന്ന് പുഴുവും പുല്‍ച്ചാടിയുമൊത്തുകൂടി

കുനുകുനെ മണ്ണിലുണ്മ നിറച്ചുകനിഞ്ഞിരുന്നു,





അന്ന് മാങ്കൊമ്പിലിരുന്നണ്ണാറക്കണ്ണന്‍

കുഞ്ഞുങ്ങളോട് കലപിലെ കിന്നാരം പറഞ്ഞിരുന്നു



അന്ന് പുഞ്ചപ്പാടങ്ങളില്‍ സ്വര്‍ണം വിളഞ്ഞു

നൂറുമേനി ,കര്‍ഷകര്‍ക്കുള്ളം കുളുര്‍ത്തിരുന്നു



ഇന്നോ



ഇന്ന് ഭാരമിറക്കാന്‍ വേണം ഭാരിച്ച മടിശ്ശീല

നോക്കുകൂലിയും പിന്നെയാരാന്‍റെയാട്ടും, തുപ്പും



ഇന്ന് പാത വക്കത്തെയാ വന്‍ വൃക്ഷങ്ങളപ്പാടെ

വേരോടെ പിഴുതങ്ങു നടപ്പാതകളൊരുങ്ങുന്നു



ഇന്ന് പ്ലാസ്റ്റിക്‌ പഞ്ചരങ്ങള്‍ തന്നുള്ളില്‍ മൂടിക്കെട്ടി

ക്ഷീരമെന്നു പേരുള്ളോരു സാധനം കിട്ടുമല്ലോ



ഇന്ന് ട്രാഫിക്‌ ലൈറ്റിന്‍ സോളാര്‍ പാനലിന്‍

കീഴേകാക്കകള്‍ക്കെല്ലാമോരോഫ്ലാറ്റതുംകണ്ടേന്‍ ഞാനും



ഇന്ന് മണ്ണില്‍ നല്‍ വിളകള്‍ മുളക്കൊലാ

നഞ്ഞുറയും പ്ലാസ്റ്റിക്‌ കവറിന്‍ കൂമ്പാരങ്ങള്‍



ഇന്ന് മാങ്കൊമ്പില്ലണ്ണാറക്കണ്ണനോ വരുകില്ല

നറുപുഞ്ചിരി തൂകാന്‍ മറന്നൂ കിടാങ്ങളും



ഇന്ന് ടിവി ,കമ്പ്യുട്ടര്‍, തുറന്നു വച്ചു പിള്ളേര്‍

നേടുന്നൂ പരിചയം രതിവൈകൃതങ്ങളില്‍,



ഇന്ന് പുഞ്ചപ്പാടങ്ങളില്ലുള്ളതോ കോണ്ക്രീറ്റ്സൌധ

മെങ്ങെങ്ങും,പാതവക്കില്‍ ശീതള ഛായയുമില്ല;



എരിയും വെയിലിതില്‍ ഉരുകുന്നിന്നുഞാനും

എഴുതും കരങ്ങളും തളര്‍ന്നു പോകുന്നയ്യോ.

പാവം കുഞ്ഞാറ്റ




കാണാമറയത്ത് കൈയെത്താ തുഞ്ചത്ത്

കുഞ്ഞാറ്റക്കിളി കൂടുണ്ടേ, പക്ഷേ

കൂട്ടിലൊരാണ്‍കിളി കൂടെയില്ല, പാവം

കൂട്ടിനൊരാണ്‍കിളി കൂടെയില്ല; (രണ്ട്)



കാടായ കാട്ടിലും മേടായ മേട്ടിലും

വേടന്‍റെ മാടവും തേടിച്ചെന്നു

പാവം കുഞ്ഞാറ്റക്കിളി തേടിച്ചെന്നു

പക്ഷെ കുട്ടിനൊരാണ്‍കിളി വന്നതില്ല; (രണ്ട്‌)



കൂട്ടിലിരുന്നവള്‍ കേഴുന്ന നേരത്ത്

കേട്ടവള്‍ തേനൂറും ഗാനമൊന്ന്,

മാരിവില്ലൂയലില്‍ ചാഞ്ചാടിയാടുന്ന

ചേലുറ്റ പൂങ്കുയില്‍ നാദമൊന്ന് ; (രണ്ട്‌)



വേനലും വര്‍ഷവും ഗ്രിഷ്മവും പങ്കിടാന്‍

പോരുനീ, എന്‍കൂടെ പൂങ്കുയിലെ;

പാവമാമെന്നെ നീ കൈവിടൊല്ലേ?

പാരിലെനിക്കാരും കൂട്ടിനില്ല, ഈ, (രണ്ട്‌)



പൂങ്കുയില്‍ പാതി വിടര്‍ന്ന മിഴിചിമ്മി,

ചാരുതയോടേറ്റം ചൊല്ലിയപ്പോള്‍,

എങ്ങിനെ പോരും ഞാന്‍ എന്‍പ്രിയ തോഴിയീ

പൊന്‍ മഴവില്ലില്‍ ഒളിച്ചിരിപ്പൂ, ഈ. (രണ്ട്‌)

മാനത്തെ മാമര ചില്ലയിലന്നവള്‍

വര്‍ണ്ണ നൂല്‍ കോര്‍ത്തൊരീയൂയല്‍ തീര്‍ത്തു

പാലൊളി ചിന്നും നറുനിലാക്കുഞ്ഞിനു

പാലൂട്ടാന്‍ പോയിട്ടു വന്നതില്ല, പിന്നെ... (രണ്ട്‌)

Thursday, January 27, 2011

പ്രണാമം

"ഹര്‍ഷബാഷ്പ്പത്താല്‍ ഞാന്‍ കഴുകാം കഴലിണ
സ്വപ്നസൂനങ്ങളാല്‍ നല്ല മാലകോര്‍ത്തണിയിക്കാം
മറ്റെന്തു നല്‍കീടും ഞാന്‍, മല്‍പ്രിയ ഭവാനിന്നീ,
കൈപ്പിഴ തിരുത്തിത്തന്നുണര്‍ത്തീ നവജീവന്‍
ധന്യനായ്‌ ത്തീര്‍ന്നേന്‍ ഞാനിന്നേകലവ്യനെക്കാളും
മല്‍ ഗുരോ കല്‍പ്പിച്ചാലും, മറ്റെന്തു നല്‍കീടും ഞാന്‍?
ഇന്നെന്‍റെ ജീവന്‍ തന്നെ സമര്‍പ്പിച്ചാലും തീരാ-
എന്നെന്നു മെന്‍റെ മാര്‍ഗം നയിച്ചീടണെ ഭവാന്‍."

ഗുരു പാദങ്ങളില്‍:

ജ്ഞാന മാമാഴിതന്നാഴത്തില്‍ മുങ്ങിയാ-
തീരത്തണഞ്ഞു നല്‍ മുത്തുമായീ
ആയിരം പത്മങ്ങള്‍ പൂത്തു തളിര്‍ക്കുമീ
പാരില്‍ മറ്റെങ്ങുണ്ടൊരിന്ദീവരം?

അര്‍ഥം വഴിയുമോരക്ഷര മുത്തുക്കള്‍
വൃത്ത വടിവലങ്കാരമോടെ,
ഒപ്പമാത്മാംശവും മാനവ ധര്‍മ്മവും
ഉച്ചൈസ്തരം ഘോഷിച്ചുണ്മയോടെ

ചുറ്റും പ്രഭാകിരണങ്ങള്‍ ചൊരിഞ്ഞിതാ
നില്‍ക്കുന്നു തേജോ നികുഞ്ജമായീ
കാവ്യലോകത്തിന്‍റെ രാജാധിരാജനായ്‌
നോവുമീ മണ്ണിന്‍റെ പുണ്യമായീ

നീളെ തളിര്‍ക്കട്ടെ വീണ്ടും പരശ്ശതം
ഭാവ ഗീതങ്ങളീയാരാമത്തില്‍.


അജയ്‌ മേനോന്‍

പുവമ്പ്

പാതി വിടര്‍ന്ന നിന്‍ നീള്‍മിഴി ക്കോണിലെ
പുവമ്പു കൊണ്ടെന്‍ മനം തളിര്‍ത്തു
നീല നിലാവിന്‍റെ പിച്ചക ത്തോപ്പില്‍ ഞാന്‍
നിന്‍ സ്വനം കാതോര്‍ത്തിരുന്നു
നിന്‍ സ്വനം കാതോര്‍ത്തിരുന്നു.

പാതിരാത്താരകള്‍പുഞ്ചിരിത്തേന്‍ നുകര്‍ന്നാടുവാന്‍ പോലും മറന്നിരിക്കെ
പാലൊളി വെല്ലുമാ പ്പൂവുടല്‍ മുടുവാന്‍
നിലാംബരം ചേല നീര്‍ത്തി നിന്നു
നിലാംബരം ചേല നീര്‍ത്തി നിന്നു

പാതി....

കാതോര്‍ത്തുനില്‍ക്കുമാ വേളയില്‍
ഞാനന്നാക്കായലിന്‍ ഓളക്കൈ താളമിടും
തീരത്തണഞ്ഞോരാ ത്താരിളം മെയ്യിലെ
പൂംപൊടിയുണ്ണുവാന്‍ വെമ്പി
പൂംപൊടിയുണ്ണുവാന്‍ വെമ്പി

പാതി