Thursday, September 2, 2010

മദ്യമാണഖിലസാരമൂഴിയില്‍

മദ്യമാണഖിലസാരമൂഴിയില്‍

കിഴക്കുതുടുത്തില്ലീ വെളുപ്പാങ്കാലത്തല്‍പം
നടക്കാമെന്നോര്‍ത്തുഞാന്‍ വഴികള്‍ താണ്ടീടവെ
പെരുത്ത പുരുഷാരമച്ചടക്കത്തോടൊട്ടു
വരിയായ് ചരിപ്പതെന്തെന്നതോര്‍ത്തുഞാന്‍
ചെന്നപ്പോള്‍, കാര്യമെന്തെന്നാരാഞ്ഞപ്പോളൊരാള്‍
ചിരിച്ചുകൊണ്ടോതീ സഹൃദയനന്നേരം
തുറന്നിട്ടില്ല ചങ്ങാതീ ഈ കടയൊന്നു -
തുറന്നെന്നാകില്‍ കുപ്പിരണ്ടെണ്ണം വാങ്ങീട്ടൊന്നു
സ്ഥലം വിടാമായിരുന്നെനിക്കു പോയിട്ടല്‍പം
ധൃതിയുണ്ടിനിയും, പിന്നെ സപ്ലൈകോവില്‍ ചെന്നി
ട്ടരിവാങ്ങണം പിന്നെ കവലക്കലുങ്കിന്‍റെ
കീഴിലൊരല്‍പം ചെന്നു പയറ്റിപ്പിടിക്കണം
ഗുലാനും, ആസും സ്പേഡു രാജാവും വഴിപോലെ
ഇറക്കി തെരുതെരെ പൊയ്പോയ പണമെല്ലാം
മടിശ്ശീലയിലാക്കി മടങ്ങീടേണം ചെമ്മേ.
വിദേശമദ്യഷാപ്പിന്‍ മുന്നിലീ ക്യൂ നില്‍ക്കുമാ
വയസ്യരും പിന്നെച്ചെറുകിടാങ്ങളുമുണ്ടേ
കൂട്ടത്തിലൊട്ടുപേരും മദ്ധ്യവയസ്കരാണെന്നാലും
മദ്യമെന്നതിനുണ്ടോ വലുപ്പച്ചെറുപ്പവും?
മദ്യത്തില്‍ രമിപ്പു നാം മദ്യത്താല്‍ മരിപ്പു നാം
മദ്യമെന്നതു കേട്ടാല്‍ തിളച്ചീടേണം രക്തം
മദ്യം കൊണ്ടഴിയാത്ത ചുവപ്പുനാടകളുണ്ടോ
മദ്യവും മദിരയും തുളുമ്പീടട്ടെ മണ്ണില്‍
മദ്യമാണഖിലവും മദ്യമൊന്നത്രേ ദൈവം
മദ്യദൈവത്തിന്‍ നാടതല്ലേ എന്‍ കേരളം.

No comments:

Post a Comment