Wednesday, February 23, 2011

ചടുല താളം

ചടുല താളം



കൊമ്പുകുറുംകുഴല്‍ പടയണിമേളം

വമ്പുപറഞ്ഞവരോടി മറഞ്ഞേ

ചമ്പട താളം തകിലടി മുറുകി

കമ്പമുണര്‍ത്തുമൊരമ്പതുകൊമ്പന്‍



ചങ്കിലെ ഈറക്കുഴലിരൊരീണം

പങ്കിലമാകാതുയിരിനു മുയിരായ്‌

തുമ്പികള്‍ പാറാ മലയടിവാരം

നന്തുണിമൂളും പരിമൃദുപവനന്‍



ചെണ്ട മൃദംഗ മതി ദ്രുത താളം

ചടുല പദങ്ങളില്‍ നര്‍ത്തനമാടി

കന്മദ ഗന്ധ മതിഭ്രമ നിരതം

ചിത്ര വിചിത്ര മതീന്ദ്രിയ ചലിതം



മുദ്രയണിഞ്ഞ കരാംഗുലി തോറും

വിസ്മയ വിരചിത ഭദ്ര മനന്തം

തപ്ത തമാവൃത ഗര്‍ത്തമഗാധം

മുക്തി തരും പ്രണവാമൃത മന്ത്രം.



-----------------------------------------------------------

Sunday, February 20, 2011

കണിമലര്‍






കൂടെവരാമോ കണിമലരേ?

നീള്‍ മിഴിയിതളില്‍ പരിഭവമോ

തേന്‍കിനിയും നിന്നധരപുടം

തേടുവതേതൊരു മധുശലഭം?





കൂടണയാനൊരു കഥ പറയാന്‍,

പാടി മറന്നൊരു ഗാനവുമായ്‌

തരളിതമേനിയിലൊരുപുളകം,

വിരിയാന്‍ വെമ്പും സ്വപ്നവുമായ്‌





കൂടെ...





കളമൃദുരവമായ് മുരളികയില്‍

കവിത തുളുമ്പും മറുമൊഴിയോ?

കുയിലിണ തിരയും ചില്ലകളില്‍

അഴകായ്‌, ഉയിരായ്‌, നീ വരുമോ?



കൂടെ...



പെണ്മനം





മൌനമീ നിസ്വനങ്ങള്‍,

തേങ്ങുമീ സാന്ത്വനങ്ങള്‍,

ഉയിരറിയാതുടലറിയാ-

ഉഴറുന്നു പെണ്‍മനസ്സ്.



പാഴ്മരച്ചില്ലകളില്‍,

നേര്‍ത്തുലയും കുഞ്ഞു തെന്നല്‍;

നോവണിഞ്ഞ മാനസത്തില്‍,

വേദനകള്‍ നീരണിഞ്ഞു.



കാലമാകും മായക്കാരന്‍,

കാട്ടിടുന്ന കേളികളില്‍;

ഓര്‍ക്കുവാന്‍ മറന്നുപോയ,

പോക്കുവെയില്‍ ചിത്രങ്ങളോ.



ആര്‍ദ്രമാം നീലിമയില്‍,

ആണ്ടുപോയ സ്വരജതികള്‍;

വിണ്ടുമീ വിരഹശോക,

ഗീതികളില്‍ ഉറവിടുന്നു.







മൌനമീ......

Friday, February 18, 2011

ഒരു കൊയ്ത്തുപാട്ട്





തൈതാരാ തിന്തിമി താരാ തൈതാരാ തക തിന്തിമി തോ



തൈതാരാ തിന്തിമി താരാ തൈതാരാ തക തിന്തിമി തോ



പൊന്നരിവാളൊന്നു ചീകി മിനുക്കി

കൊയ്യാന്‍ വരിനെടി പെണ്ണാളെ

പാടം കൊയ്യാന്‍ വരിനെടി പെണ്ണാളെ



പുത്തരിക്കണ്ടം നൂറു വെളഞ്ഞേ

കൊയ്യാന്‍ വരിനെടി പെണ്ണാളെ

പാടം കൊയ്യാന്‍ വരിനെടി പെണ്ണാളെ



ചാത്തന്‍റെ മാടത്തും, ചേന്നന്‍റെ കുടിയിലും

പുത്തരി പൂത്തെടി പെണ്ണാളെ

പൊന്നിന്‍ പുത്തരി പൂത്തെടി പെണ്ണാളെ



ഞാറു നടുമ്പഴും ഏനറിഞ്ഞില്ലേ

പൊന്നു വെളയൂന്ന് തമ്പ്രാനെ

പാടം പൊന്നു വെളയൂന്ന് തമ്പ്രാനെ



കള മാറ്റും നേരത്തും ഏനറിഞ്ഞില്ലേ

വെള നൂറു മേനീന്ന് തമ്പ്രാനെ

കണ്ടം വെള നൂറു മേനീന്ന് തമ്പ്രാനെ



വര്‍ഷം ചതീച്ചിട്ടു, വയറു വെശന്നിട്ടും

ഏനെന്‍റെ പാടത്ത് വെത വെതച്ചേ

കുരുമണി ചമ്പാ വെത വെതച്ചേ



ഇരു നാഴി നെല്ലന്നു കടം മേങ്ങി ഏനെന്‍റെ

തരിചായ പാടത്ത് വെത വെതച്ചേ

വേനലുരുകുമ്പ ഏനന്ന്‍ വെത വെതച്ചേ



തൈതാരാ തിന്തിമി താരാ തൈതാരാ തക തിന്തിമി തോ



തൈതാരാ തിന്തിമി താരാ തൈതാരാ തക തിന്തിമി തോ



പോന്നരിവാളില് അമ്പിളി പൂത്തത്

ഇന്ന് കണ്ടേനടി പെണ്ണാളെ

പാടം കൊയ്യാന്‍ വരിനെടി പെണ്ണാളെ..



Tuesday, February 8, 2011

തെറ്റ്





ഇത്തിരി മധുരം മുത്തിയുണര്‍ത്തും

ചിത്തിര മലരേ നിന്‍ അധരങ്ങള്‍

ഒത്തിരി സ്വപ്നം പുല്‍കിയുണര്‍ന്ന്

നര്‍ത്തനമാടും നിന്‍ മിഴിയിണകള്‍



പൊന്‍കണിയുണരും പുലരൊളി കാണാന്‍

വിണ്‍മുകില്‍ മാലകള്‍ കോര്‍ത്തു രസിക്കാന്‍

പിന്നെയുഷസ്സിന്‍ പുഞ്ചിരി തഞ്ചും

ചിന്തുകള്‍ പാടി നിന്നെയുണര്‍ത്താം...2....



ഇത്തിരി.....



മുത്തണി വെയിലിന്‍ ചിത്രരഥത്തില്‍

മറ്റൊരു ശലഭം വന്നണയുമ്പോള്‍

ഒക്കെ മറന്നാ ചില്ലയില്‍ വിണ്ടും

ഇത്തിരി സ്നേഹം കൈമാറീടാം ...2...



ഇത്തിരി....