Sunday, July 18, 2010

അസ്തിത്വ ദുഖം

നീ തന്നെ നിന്‍റെ ശവക്കുഴി തോണ്‍ടുന്നു
നീ നിനക്കായ് ശരശയ്യ ഒരുക്കുന്നു
നിന്‍ പൈതൃകത്തെ നീ പുശ്ഛിച്ചു തള്ളുന്നു
നിന്‍ മാതൃസ്തന്യത്തിന്‍ മാറ്റുരച്ചീടുന്നു
നശ്വര ക്ഷിപ്രസുഖങ്ങളെ കാംക്ഷിച്ചു
തര്‍പ്പണം കൈവരാഞ്ജൊട്ട് ക്ലേശിക്കുന്നു
മുഗ്ദമോഹങ്ങള്‍ മുറുകെ പിടിച്ചു നീ
മൃത്യുദംശ ത്രാസ മേറ്റു തപിക്കുന്നു
വേദമൂല്യങ്ങളെ വെല്ലുവിളിച്ചുനീ
ആതങ്ക മൂര്‍ച്ചയാല്‍ കേഴുന്നു നിസ്തന്ദ്രം
ആസന്നമാ൦ വിനാശത്തെഓര്‍ക്കാതെ നീ
ആദര്‍ശ സംഹിത പാടെ ത്യജിച്ചു നീ
നിന്നധരത്താല്‍ വിഷപ്പല്ലൊളിക്കുന്നു
പുഞ്ചിരി കൊണ്ടു കാപട്യം മറയക്കുന്നു
സ്വാര്‍ത്ഥ സുഖഭാഗ്യ കീര്‍ത്തി മുദ്രയ്ക്കായി
വീര്‍ത്ത കിഴികള്‍ നിര്‍ലോഭമൊഴുക്കി നീ
പാപക്കറയാല്‍ പുഴുക്കുത്തു വീണുള്ള
സ്ഥാവര ജംഗമ സ്വത്തു സ്വരൂപിച്ചു
കാഷായ വേഷം ധരിച്ചു നിന്‍മാലിന്യ
മാകെ മറക്കുവാന്‍ ഒട്ടു ശ്രമം ചെയ്തു
നീ തന്നെ നിന്‍റെ ശവക്കുഴി തോണ്‍ടുന്നു
നീ നിനക്കായ വൃധാ വിലപിക്കുന്നു
നിന്‍ പൈതൃകം ഇല്ലവനം നിനക്കേകാന്‍
നിന്‍ മാതൃ ഹസ്തവുമില്ല തഴുകുവാന്‍

പൂര്‍ത്തിയാക്കിയത് ൦൫ മാര്‍ച്ച് ൧൯൮൨

ദ്വീപ്

ഇവിടെയൊരിത്തിരി നില്‍കാം
നമുക്കിളവെയില്‍ എറ്റ് തിമിര്‍ക്കാം
ഗതകാല സ്വപ്നങ്ങള്‍ പുല്‍കാം
നമുക്കിടരാതെ കഴലുകള്‍ നീട്ടാം
സ്പടികനിര്‍മലയായ തടിനീ
തീരമരികിലോരല്‍പം ഉറങ്ങാം
ഇവിടെയുപേക്ഷിച്ചു പോകാം
നമുക്കധരിതമാമീയുരുവം
അനുപദം പോരുമീ സര്‍ഗ
സഹചാരിയാമാത്മ നിന്ദ
തിക്ത തിമിരത്തിലുറയുന്ന മിഥ്യ
തപ്ത ഹൃദയത്തില്‍ വിങ്ങുമീ തേങ്ങല്‍
ഉല്‍ഗതമാം നാകഭൂവിനെ
ഒരുപാദനമാക്കുമീ മണ്ണില്‍
ഒരു കാകളി തന്‍ നിര്‍ധരിയില്‍
പുളകപ്പൂനാംപുകള്‍ നാടാം
വരളുന്ന വയറിനെ മറക്കാ൦
ക്ലാന്‍തമുയിരിന്ടെ ചെന്നിണം നക്കാം
വിപ്ലവ ഗീതികള്‍ പാടാം
നമുക്കുത്തരീയങ്ങള്‍ വെടിയാം
മദമാര്‍ന്ന ഗജവീരനെപ്പോല്‍
നമുക്കുരുളാമീ പ്പൂഴിയില്‍ നീന്ത്ആം
അവിളമ്പ ഉണ്ണാമ് ചെറുതേന്‍
പൂവിന്നിതളുകള കൂടി വിഴുങ്ങാം
ദൂരെ മണ്ണിനും വിണ്ണിനുമ്മോദം
ചാരെ കണ്ണിന്നും കരളിന്നും താളം
ശ്രുതിമീട്ടി പ്പാടുക കാറ്റെ
തെല്ലു കുളിരട്ടെ തനുവും മനവും
പടരുക തേന്‍നിഴല്‍ പെണ്ണെ
ഉലകാകെ തണലേകി വരിക
വിതറുക അഭിനവ ദീപ്തി
അതില്‍ പ്രതിഫലിചീടട്ടെ സ്വര്‍ഗം
വിവശയായ് നില്‍ക്കൂമീ മണ്ണിന്‍
ഹൃദയത്തില്‍ വിങ്ഗട്ടെ സ്വപ്നം

പൂര്‍ത്തിയാക്കിയത് 03 ഒക്ടോബര്‍ 1981

ഏകാന്തത

നാലു ഭിത്തിക്കകം തിങ്ങി വിങ്ങി
നാലാതിര്‍ത്തിക്കകം വീര്‍പുമുട്ടി
കരിന്തിരി കത്തി പ്പുകഞ്ഞുനീറി
അസ്വാസ്ഥ്യാഭിശപ്തമാം വിമൂകത
ഉയിര്‍ക്കൊള്ളുമി ഏകാന്തത

അന്തരാത്മാവു കാര്‍ന്നു കാര്‍ന്നേതോ
ഭൂത ഭാവി സ്മരണകളായച്ചമയു൦
നിശ്ശബ്ദദ; സര്‍ഗ ചേതനയുറഞ്ഞു
ഹിമകണമാകും വിരസതയൂറുമീ
നിമേഷങ്ങള്‍; സുഖദുഖങ്ങള്‍ തന്‍
ലാഭനഷ്ടം ഗണിക്കും ജീര്‍ണ്ണമാമേതോ
ചുവരെഴുത്തുകളില്‍
വിരാജിക്കുമമൂര്‍ത്തമാം ഭാവരസങ്ങള്‍
തുളുമ്പുന്ന വര്‍ണരാജികള്‍
ചോനലുകളരിക്കുമാരോ ചവച്ചു
തുപ്പിയ കരിമ്പിന്‍ ചണ്ടിയില്‍
കുരുത്തൊരാ വന്ധ്യമോഹത്തിന്‍
വിഷാദ മണിമുത്തുക്കള്‍
വന്‍ഹിയില്‍ പിറന്നു
വേനലില്‍ വളര്‍ന്നദൃശ്യമാം
ഭുജഗമായ് അവിരാമം
തപിപ്പിക്കും ചണ്ഡവാതമായ്
ആലസ്യത്തിന്‍ നെടുമ്തുയിലിലാഴ്ത്തും
കിരാതഹസ്തങ്ങള്‍

ഇവിടെ ജനിമൃതികളില്ല
രാവും പകലുമില്ല
ഋതു ഭേദങ്ങളില്ല ഉദയാസ്തമങ്ങളില്ല
മരീചികയാം മരുപ്പച്ചയുമില്ല
ഇവിടാര്‍ക്കുമുയിരുമില്ല
ഘടികാരങ്ങളില്‍ സൂചി മയങ്ങുന്നു
ചരടുകളില്‍ തൂങ്ങിയാടും
പാവകള്‍ മാത്രമുണ്ടിവിടെ
കവല്‍ഭൂതങ്ങളാമശരീരി കളിടക്കിടെ
അട്ടഹാസങ്ങള്‍ തന്‍ പ്രതിധ്വനിയും
അഖിലം ചൂഴും തിമിരവും


പുര്‍ത്തിയാക്കിയത് 14 ഓഗസ്റ്റ് 1981

No comments:

Post a Comment