അരുളപ്പാട്
ചെമന്ന പട്ടും കുറിയും ചാര്‍ത്തി
ചെമന്ന കണ്ണില്‍ ചെന്‍തീയാളി
ചെന്നിണമൂറ്റാന്‍ ചുണ്ടുനനയ്ക്കാന്‍
വെമ്പും കൈകളില്‍ വാല്‍മുനമിന്നി
വടക്കേക്കരയിലെ തെക്കേക്കരയിലെ
വള്ളുവങ്കുന്നിലെ പുള്ളുവഞ്ചിറയിലെ
കൊല്ലനും കുറവനും മനക്കലെ ആഡ്യനും
പുഴക്കരെ മൂപ്പനും കൂട്ടരും കെട്ടിയോളും
പണിക്കനും പാണനും പാടത്തെ പണിയാളും
ഇമവെട്ടാതുഴിഞങ്ങു നോക്കിനിന്നൊരുനേരം
കലികൊണ്ടു തുള്ളുന്നു കോമരമാഞ്ഞാഞ്ഞു
വിറക്കുന്നു മാറത്തെ വിയര്‍പ്പങ്ങു തിളക്കുന്നു
പൊടിമണല്‍ തിരശ്ശീല തീര്‍ക്കുന്നു
ചുറ്റമ്പല വിലക്കുകലുലയുന്നു
മണി താനെ മുഴങ്ങുന്നു
കാളിയമ്മേ മാരിയമ്മേ കരക്കാരെ വെടിയൊല്ലേ
ഞാറ്റുവേല കാത്തു കുഴയുന്നു കണ്ണുകളെരിയുന്നു
വയറുകളൂരുകുന്നു കൃഷീവലന്നുയിരുമാ വരണ്ടമണ്ണും
ആയിരം കാതുകളരുളപ്പാടും കാത്തൊരായിരം
കണ്ണുകളുറക്കവും വെടിഞ്ഞങ്ങു
തുരുംപിച്ച കുത്തുവിളക്കുതിര്‍ക്കുന്ന പ്രകാശത്തില്‍
തിളങ്ങുന്നു കതിര്‍കറ്റ സ്വപ്നം കാണുന്നു
ആവേശമൂര്‍ച്ചയില്‍ തുരുതുരെ വെട്ടുന്നു
ചുടുചോര ചീറ്റുന്നു
നീണ്ടമുടിയിഴയിലൂടവ ചെറുചെറു ചാലു തീര്‍ത്തു
പതിക്കുന്നു;പൊടിമണ്ണുതുടുക്കുന്നു
ജനമാര്‍ത്തു വിളിക്കുന്നു;
അറുപതുതിരിയിട്ട നിലവിളക്കൊളി ചിന്നിചിതറുന്നു
അവന്‍ ദേവിയാവേശിച്ചോരവന്‍ അട്ടഹസിക്കുന്നു
തെക്കേലെ ച്ചെറുകന്നിപ്പെണ്ണിന്‍ കുളിതെറ്റിയതെന്തേ
വടക്കേലെ ച്ചെറുമന്‍റെ ജഡമാറ്റില്‍ പൊന്തിയതെന്തേ
ആണ്ടറുതിക്ക് തേവിയമ്മക്കൊരു കുരുതി നല്‍കാത്തതുമെന്‍തെ
തിരുനാളിനു മുന്‍പ് തേവീടെ വിഗ്രഹം കട്ടോണ്ട്പോയതുമെന്‍തെ
പകരം പ്രതിഷ്ടിച്ച കനക വിഗ്രഹത്തില് പകുതി മായം ചേര്‍തതെന്തേ
തേവികോപിച്ചുശപിച്ചവളെന്കിലോ നാടു മുച്ചൂടും നശിച്ചുപോമേ
ഇത്രയും ചോല്ലീട്ട് കോമരം വീഴുന്നു
അന്തിക്ക്മോന്തിയ കള്ളു ഛര്‍ദിക്കുന്നു..
പൂര്‍ത്തിയാക്കിയത് 21 ഒക്ടോബര്‍ 1981
അജയ്
No comments:
Post a Comment