Sunday, July 18, 2010

ഒരു വിഷുവും കുറെ ഓര്‍മകളും

ന്ടെ കുട്ട്യേ ന്തായീ കട്ട്ണ്?, നാളെ വിഷു ഒന്നാന്‍തിയായിട്ട് കയ്യും കാലും ഒടിക്കുലോ യീ കുട്ടി
മൂവാണ്ടന്‍ മാവിന്‍റെ തുഞ്ചാനകൊമ്പത്ത് ഞാന്ന്കിടക്ക്വ്യാണ നല്ല ഉശിരന്‍ മാമ്പഴം, വിഷുക്കണി വെക്കാന്‍ പസ്റ്റ്..
കുട്ടന്‍ യേന്‍തിവലിഞ്ഞു കയ്യെത്തിപ്പിടിച്ചു. കിട്ടിപ്പോയി ദാ കിട്ടിപ്പോയി
ദേ മുത്തശ്ശി പിടിച്ചോ
കുട്ടന്‍ മാമ്പഴം താഴോട്ടേറിഞ്ഞു, നല്ല മുഴുത്ത മാങ്ങ
കുരുത്തക്കേടല്‍പം കൂടുമെങ്കിലും, ഈ ചെക്കന്‍റെ ഒരു കാര്യം...മുത്തശ്ശി പ്രാഞ്ചി പ്രാഞ്ചി അകത്തേക്കു പോയി
പയ്യെ പയ്യെ മാവില്‍നിന്നിറങ്ങി കയ്യിലും കാലിലും കടിച്ചു തൂങ്ങുന്ന പുളി നീറുകളെ തൂത്തെറിയുംപോള്‍ കുട്ടന് ഒട്ടും വേദനിച്ചില്ല
മാങ്ങ കിട്ടിയല്ലോ, ഈ വേദന ഒന്നുമല്ല
നാളെ വിഷു.,കുട്ടന് വളരെ സന്തോഷമുള്ള ദിവസമാണ്.,അപ്പൂപ്പനും,അച്ഛനും,മുത്തശ്ശിയും, പിന്നെ രാധേച്ചിയും എല്ലാരും വിഷുക്കൈനീട്ടം തരും, പിന്നെ അമ്മ മാത്രം വരില്ല
അമ്മയെക്കുറിച്ചോര്‍ത്തപ്പോള്‍ കുട്ടന്‍റെ കണ്‍പീലികള്‍ നനഞ്ഞു
ഉണ്ണിക്കൈ വളര് വളര് വളര്.,കുട്ടനെ തേക്കിനിയിലെ ചാരുപടിയിലിരുത്തി ദേഹമാസകലം പേരാറിയാത്ത നല്ല മണമുള്ള യേതോ എണ്ണ തേപ്പിക്കുമ്പോള്‍ അമ്മ പതിയെ മൂളുമായിരുന്ന പാട്ട്
പിന്നെ അമ്മയെന്താ കുട്ടനെ തനിച്ചാക്കിയിട്ട് എങ്ങോട്ടോ പോയത്?
ആവോ
കുട്ടന്അറിയില്ല; കൂട്ടനൊന്നുമറിയില്ല; പക്ഷേ അമ്മയുടെ കഞ്ഞിപ്പശയുടെ മണമുള്ള മുണ്ടിന്‍റെ കോന്തലില്‍ പിടിച്ചു തത്തി തത്തി നടക്കുമ്പോഴും കുട്ടന് അമ്മയെപ്പറ്റി ഒന്നുമറിയില്ലായിരുന്നു
ഒരു വിഷുവിന്‍റെ തലെന്നാളായിരുന്നു അത്
അമ്മ കുട്ടനെ തനിച്ചാക്കി എങ്ങോട്ടോ പോയത്
ഉറങ്ങിക്കിടന്ന അമ്മയെ വെളുത്ത തുണികൊണ്ട് മൂടിയിട്ട് അവര്‍ എങ്ങോട്ടോ കൊണ്ടുപോയി,. പിന്നെ അമ്മ ഒരിക്കലും തിരിച്ചു വന്നില്ല
രാധേച്ചിയോട് ചോദിച്ചാല്‍ ഒന്നും പറയില്ല, ചിലപ്പോള്‍ തനിയെ യിരുന്നു കരയുന്നത് കാണാം
ആ കൊല്ലം വിഷുക്കണി വച്ചില്ല., കുട്ടന് കൈനീട്ടവും കിട്ടിയില്ല
_പിന്നെ തെക്കിനിയിലും, അടുക്കളയിലും, തൊഴുത്തിലും, കുട്ടന്‍ അമ്മയെ തിരഞ്ഞു നടന്നെങ്കിലും ആരും പറഞ്ഞില്ല അമ്മ എങ്ങോട്ട് പോയെന്ന്‍
അച്ചന് എപ്പോഴും ദേഷ്യമാണ് ; കുട്ടന് അച്ഛനെ പേടിയാണ്
ടാ ബടെ വന്ന്‍ നിന്നോ ന്ന്‍ട്ട രണ്ടുകയ്യും നീട്ടിവാങ്ങിക്കൊ..
അച്ഛന്‍ കൈനീട്ടം തരാന്‍ വിളിക്കുമ്പോള്‍ മടിച്ചു മടിച്ചാണ് പോകുക
ന്നാലും കൈനീട്ടം കിട്ടണത് നല്ല കാര്യല്ലെ;
അതുകൊണ്ട് പോകും;
എന്നിട്ട് വെറ്റിലയില്‍ പൊതിഞ്ഞ അഞ്ചുരൂപാ ത്തുട്ടെടുത്തും കൊണ്ട്
ഒറ്റ ഓട്ടമാണ് മുത്തശ്ശിടടുത്തേക്ക്..
ഉത്തരത്തില്‍ തിരുകി വച്ചിട്ടുണ്ട് തുടുത്ത നിറമുള്ള ചൂരല്‍ വടി
ഒന്നുരണ്ടു പ്രാവശ്യം അതിന്‍റെ സ്വാദറിഞ്ഞതാണ
ഒരിക്കല്‍ കുട്ടന് ദേഷ്യം വന്നപ്പോള്‍ കൈയ്യിലിരുന്ന പൂച്ചക്കുട്ടിയെ അച്ഛന്‍റെ മാറത്തേക്ക് വലിച്ചോരേറുകൊടുത്തു, പൂച്ചക്കുട്ടി പ്രാണരക്ഷാര്‍ത്തം അച്ഛന്‍റെ നെഞ്ചത്ത് അള്ളി പ്പിടിച്ചു, അതിന്‍റെ പാട് ഇപ്പോഴും കാണാം അച്ഛന്‍റെ നെഞ്ചത്ത്..
അന്ന്‍ അച്ഛന്‍ പുരക്കുചുറ്റും കുട്ടനെ ഓടിച്ചിട്ടു പിടിച്ചു കണക്കിന് തല്ലി
പിന്നൊരിക്കല്‍ കാര്യസ്തന്‍ രാമന്നായരുടെ കിണ്ണത്തിലേക്ക് തേരട്ടയെ വലിച്ചെറിഞ്ഞതിനാണു തല്ല് കൊണ്ടത്
രാമന്‍നായര്‍ ഊണ് കഴിക്കുകയായിരുന്നു, കുട്ടന്‍ കറമ്പി പ്പശുവിന്‍റെ വാലില്‍ സൂചി കൊണ്ട് കുത്തിയത് അച്ചനോട് പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞുകൊടുത്തു രാമന്‍നായര്‍, കുട്ട്ന് ദേഷ്യം വരാതിരിക്കുമോ
ചൊറില്‍തന്നെ തേരട്ട വീണത് അച്ഛന്‍ കണ്ടു പിന്നെ അടിയുടെ പൊടിപൂരമായിരുന്നു
അമ്മയുള്ളപ്പോള്‍ ഓടിച്ചെന്ന് അമ്മയുടെ പിറകില്‍ അഭയം പ്രാപിക്കും, " മതി എന്‍റെ കുട്ട്യേ തല്ലീത, അതിന്‍റെ കയ്യോ കാലോ ഓടിഞ്ഞാല് ഞാന്‍തന്നെളളു നോക്കാന്‍
അമ്മ ശബ്ദം ഉയര്‍ത്തുംപോള്‍ അച്ഛന്‍ മുറുമുറുതതുകൊണ്ട് ഉമ്മറത്തേക്ക് പോകും
ആ ചൂരല്‍ വടി ഒരു ദിവസം കുട്ടന്‍ കത്തിച്ചു കളയുന്നുണ്ട്
പിന്നെ അച്ഛനെന്തു ചെയ്യൂമെന്നറിയണമല്ലോ
തണുത്ത കൈവിരലുകള്‍ മുഖത്തു പതിച്ചപ്പോള്‍ കുട്ടന്‍ കണ്ണ് തുറക്കാന്‍ ശ്രമിച്ചു.
അരുത് ഉണ്ണ്യെ കണ്ണടച്ചുപിടിച്ചോളുണ്ട്, കണി കാണന്ടെ,
ഓ വിഷു., കുട്ടന് ഓര്‍മവന്നു., മുത്തശ്ശി കുട്ടന്‍റെ കണ്ണും പോത്തി പതുക്കെ കണി വച്ച സ്ഥലത്തേക്കു നയിച്ചു
അമ്മയുള്ളപ്പോള്‍ അമ്മ കുട്ടനെ തോളത്തെടുത്തുകൊണ്ടു പോകും
പാതി മയക്കത്തില്‍ അമ്മ പറയുന്നത് കുട്ടന് കേള്‍ക്കാം "കണ്ണിറുക്കി പിടിച്ചോളു ഉണ്ണ്യെ, കണി കാണണടെ
കണി കണ്ടു കഴിഞ്ഞാല്‍ കൈനീട്ടം കിട്ടും
ഏറ്റവും സന്തോഷമുള്ള കാര്യമതാണ
പിന്നെ മുറ്റത്തെക്കൊരു ചാട്ടമാണ്
പടക്കം കൊളുത്തണ്ടേ;
തെക്കേലെ ബീരാന്‍റെ മകന്‍ കുഞ്ഞാലി വരും., കുഞ്ഞാലിക്ക്
കൂട്ടനെക്കാള്‍ മൂന്നു വയസ്സു മൂപ്പുണ്ട്
കുഞ്ഞാലി കറുത്തിട്ടാ, കുട്ടനാനെങ്കി നല്ല വെളുപ്പും
കുട്ടനെ കിണറ്റിന്‍ കരയില്‍ വച്ച് അമ്മ കുളിപ്പിക്കുമ്പോള്‍ കുഞ്ഞാലി കളിയാക്കും
കുളിക്കണ കുട്ടി കറുമ്പന്‍കുട്ടി കുഞ്ഞാലിക്കുട്ടി വെളുത്ത കുട്ടി
അസൂയയാ കാറുംപന് നീ ന്ടെ കൈയ്യീന്ന് മേടിക്കും ചെക്കാ പൊയ്ക്കോ അവ്ട്ന്നെ
അമ്മ കുഞ്ഞാലിയെ ഓടിച്ചുവിടും
ന്നാലും കുഞ്ഞാലിയും കുട്ടനും നല്ല കൂട്ടാണ്
ഒരു ദിവസം തൊട്ടില്‍നിന്ന് ഒരു ചത്ത നീര്‍കോലികുഞ്ഞിനെ ഒരു കോലിന്‍റെ അറ്റത്ത് തൂക്കി കൊണ്ടുവന്നു കുഞ്ഞാലി
കുട്ടാ ദ്കണ്ടോ ഞാന്‍ ഇതിന് ജീവന്‍ വരുത്തും, ഈ പച്ച ഈര്‍കിലി കൊണ്ട് തല്ല്യാല്‍ ഇതിന് ജീവന്‍ വരും , പുള്ളോട്ടിലെ മന്ത്രവാദി കാട്ടണ ഞാന്‍ കണ്ടിരിക്കിന്
ന്നാ കാണിക്ക്...കുട്ടന് ധൃതിയായി
വേലിക്കരുലെന്‍തെടുക്ക കുട്ടാ നീയ് ..ബ്ടെ വാടാ ചെക്കാ,

അച്ഛനാണ് കുട്ടന്‍ ജീവനും കൊണ്ടോടി ശരം വിട്ടപോലെ അടുക്കള വാതുക്കല്‍ എത്തി മുത്തശ്ശിയുടെ പിറകിലോളിച്ചപ്പോഴേ സമാധാനമായുള്ളൂ
പിന്നെ കുഞ്ഞാലിക്കു മാത്രമേ പടക്കം നന്നായി കൊളുത്താനറിയൂ
ഒരു വല്യ കമ്പെടുത്ത് അതിന്‍റെ തലക്കല്‍ ഒരു മെഴുകുതിരി ചുറ്റികെട്ടി അതുകൊണ്ടാണ് കുട്ടന്‍ പടക്കം കൊളുത്തുക
കുഞ്ഞാലി ഓലപ്പടക്കം ഒന്നൊന്നായെടുത്ത് ഗ്ലാസ്സുപൊട്ടിയ ചിമ്മിനി വിളക്കില്‍ കത്തിച്ച് ശൂ ന്നും പറഞ്ഞ് ഒറ്റ യേറ്
ആകാശത്തു വച്ച് അത് പൊട്ടുമ്പോള്‍ നല്ല ശേലാണ്
പിന്നെ കുഞ്ഞാലി വായില്‍ മണ്ണെണ്ണ നിറച്ച് ഒരു വിദ്യ കാണിക്കും
ഒരു തീപ്പെട്ടി എടുത്ത് കൊളുത്തി ഒറ്റ തുപ്പാണ് ഒരു തീ ഗോളം ആകാശത്തെക്കൂ പറന്നുപോകുന്നത് കാണാന്‍ നല്ല രസമാണ്
കുട്ടന്‍റെ കണ്ണില്‍ കുഞ്ഞാലി ഒരു മഹാനാണ്
കുഞ്ഞാലിക്കു മാത്രം ചെയ്യാന്‍ പറ്റുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്
ഇതുപോലെ
പിന്നെ കുഞ്ഞാലി ബീഡി വലിക്കും എന്നിട്ട് മൂക്കില്‍ കൂടെ പുക വിടും, വലിയ വലിയ പുക ചുരുളുകള്‍ തെരു തെരെ ഉണ്ടാക്കി ഊതി വിടും ഒരു ദിവസം കുട്ടനും തോന്നി അതുപോലൊന്ന് ഉണ്ടാക്കണംന്ന്
കുഞ്ഞാലി ഒരു വിധത്തിലും സമ്മതിച്ചില്ല.,പിന്നെ ഒരുപാട് നിര്‍ബന്ധിച്ചപ്പോള്‍ പറമ്പിന്ടെ വടക്കേ അറ്റത്തുള്ള കുട്ടിപ്പന യുടെ പിറകില്‍ വച്ച് കുട്ടന്‍റെ കയ്യില്‍ കത്തുന്ന ഒരു ബീഡി വച്ച് കൊടുത്തു
ന്ടെ പടച്ചോനെ ങടെ ബാപ്പ അറിഞ്ഞാല്‍ ഞമ്മടെ മയ്യത്താണ് പഹേനെ വേഗം വലിച്ചാളി
കുട്ടന് ബീഡി വലിക്കാനറിയില്ല
ങള് കോലൈസ് ഉരിഞ്ചണ പോലെ വലിച്ചാളി
കുട്ടന്‍ ഐസ് ഈമ്പി കുടിക്കണ പോലെ ബീഡിപ്പുക വലിച്ചുവിട്ടു
ഹൊ പിന്നത്തെ പുകില് കാണാന്‍ കുഞ്ഞാലി നിന്നില്ല ചുമയോട് ചുമ കുട്ടന് തല ചുറ്റുന്ന പോലെ തോന്നി
ബഹളം കേട്ട് രാധേച്ചി ഓടി വന്നു
നീ എന്താ ഇവ്ടെ കാട്ടണെ., അയ്യയ്യോ നീ ബീഡി വലിക്യാ
ഞാന്‍ ഇപ്പതന്നെ അച്ചനോട് പറയണുണ്ട്
കുട്ടന്‍റെ കയ്യില്‍നിന്ന് ബീഡിക്കുറ്റി താഴെവീണു
ഒരു വിധത്തിലാണ് രാധേച്ചിയെ വശത്താക്കിയത്
ആകാശം കാണാതെ മലയാളം പാഠപുസ്തകത്തിന്‍റെ 30 ആം താളിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന മയില്‍പ്പീലി കണ്ണും, ചുകന്ന നിറമുള്ള രണ്ടു ഗോലിയും, പിന്നെ രാവുണ്ണി തന്ന കാന്തത്തിന്‍റെ കഷണവും കൊട്ക്കാമെന്ന് പറഞ്ഞപ്പോള്‍ രാധേച്ചി സമ്മതിച്ചു
********* ********** ********** ************ **********
വര്‍ഷങ്ങള്‍ കടന്നു പോകുമ്പോള്‍ എന്തൊക്കയോ നഷ്ട മാവുകയായിരുന്നു
വെള്ളാരങ്കുന്നും ,ഒറ്റാലെ ഭാഗവതിക്കാവും.,തുടുത്ത കശുമാങ്ങ ഊഞ്ഞാലാടുന്ന മേനോത്തെ പറമ്പും , മനസ്സിന്‍റെ ഏതൊ കോണില്‍
വിഷാദച്ഛവിയാര്‍ന്ന ഒരു നോവിന്റെ നിഴലുപോലെ പിന്‍തുടരുന്നു
ഇന്നും മറക്കാന്‍ കഴിയാത്ത വിസ്മൃതിയുടെ നനുത്ത മേലാപ്പണിഞ്ഞ
ഓര്‍മകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നു
ഇവിടെ ഈ മെഗാ സിറ്റിയില്‍ ശ്വാസം വിടാന്‍ പോലും ഘടികാര സൂചികള്‍ വിലക്കുമ്പോള്‍ വല്ലാത്ത ഒരു നഷ്ട ബോധം
കുഞ്ഞുമകള്‍ അഞ്ചാം നിലയിലുള്ള ഫ്ലാറ്റിന്‍റെ ബാല്‍കണിയിലൂടെ
കമ്പിത്തിരി ചുഴറ്റി ആഹ്ലാദിക്കുമ്പോള്‍ ഓര്‍ത്തുപോകുന്നു
അവള്‍ക്ക്അറിയില്ലല്ലോ ഇതൊന്നുമല്ല യഥാര്‍ത്ഥത്തില്‍ വിഷുവെന്ന്

അജയ് മേനോന്‍ 19 ജൂലൈ 2010

No comments:

Post a Comment