Thursday, October 7, 2010

കുഞ്ഞ്യെടത്തിക്ക് ഒരനുബന്ധം

കുഞ്ഞ്യെടത്തിയെ തന്നെയല്ലോ
ഉണ്ണിക്കെന്നാലുമേറെയിഷ്ടം
മുറ്റത്തെ മാവ് മുറിക്കുന്നു- പിന്നെ
യച്ച്ചനെ തെക്കൊട്ടെടുക്കുന്നു
അയലത്തെ ചേച്ചിയും. വല്യെച്ചിയും,
പിന്നെ അവറാനും,ചെന്നനും
നോക്കിനില്‍കെ,
അച്ഛനെ ചിതയില്‍ കിടത്തുന്നു
ചുറ്റി പ്രദക്ഷിണം വക്കുന്നു,
ഉണ്ണിയുമൊപ്പം നടക്കുന്നു
ഒന്നുമറിയാതുള്‍ വിങ്ങുന്നു
എല്ലാരുമെല്ലാരും നോക്കുമ്പോള്‍
എന്തേ ചെറിയേട്ടനെത്തിയില്ല?
അച്ഛനും പോന്നനിയത്തിയും പോയിട്ടും
കഷ്ടമവന്‍ മാത്രമെത്തിയില്ല;
ഉമ്മറ ത്തിണ്ണയില്‍ പെണ്ണുങ്ങള്‍
വന്നിരുന്നൊച്ചയെടുത്തു കരയുന്നു
ഉണ്ണിയുമൊപ്പം കരയുന്നു
ഒന്നുമാരിയാതുള്‍ വിങ്ങുന്നു
കുഞ്ഞ്യെടത്തി ഇനി വരില്ലേ
ഉണ്ണിയെ തൊട്ടു തലോടുകില്ലേ
ആനേടെ, മയിലിന്റെ ഒട്ടകത്തിന്‍
കഥയുണ്ണിക്ക് ചൊല്ലി ത്തരികയില്ലെ
ഒന്നുമറിയില്ലെന്നാലുമുണ്ണിക്ക്
ഒന്നറിയാം പാവം കുഞ്ഞ്യെടത്തി;
അയലോത്തെ ചേച്ചിയും,ആളുകളുംപോയി-
ട്ടിരുള്‍ വന്നു മുറ്റം നിറയുന്നു;
വല്യേട്ടന്‍ വന്നു വിളിക്കുന്നു
ഉണ്ണി നീ ഊണു കഴിച്ചില്ലേ
ഇല്ലാ വിശപ്പെന്നു ചൊല്ലുന്നു ഉണ്ണിയ-
ത്തിണ്ണയില്‍ തന്നെ യിരിക്കുന്നു
കുഞ്ഞ്യെടത്തി വിളമ്പി തരാതുണ്ണി
ഉണണില്ലെന്നു ശഠിക്കുന്നു;
ചെക്കന് പ്രാന്താണെന്നോതുന്നു
വല്യേച്ചി കയ്യില്‍ പിടിച്ചു വലിക്കുന്നു
ഇല്ലാ വരില്ല, തല്ലി ചതച്ചാലും
ഉണ്ണിക്കു ശാഠൃം മുറുകുന്നു
കയ്യോങ്ങി വല്യേച്ചി തല്ലുന്നു
തെല്ലും കരയാതുണ്ണി നില്‍ക്കുന്നു
കുഞ്ഞ്യെടത്തി ഇനി വരില്ലേ
ഉണ്ണിക്കുള്‍ത്തടം വിങ്ങുന്നു

പിന്നെയാ രാത്രി ഉറങ്ങിയില്ലുണ്ണിയാ
തിണ്ണയില്‍ തന്നെ ഇരിക്കുന്നു
ആരോ തലോടുന്നു.താരാട്ട് പാടുന്നു
ഉണ്ണി ഉറങ്ങെന്നു ചൊല്ലുന്നു
കുഞ്ഞുമിഴികള്‍ നനയുന്നു
ഉണ്ണിക്കുള്‍ത്തടം വിങ്ങുന്നു

ആരും കാണാതുണ്ണി പടിയിറങ്ങിചെന്നു
ആ പുഴ വക്കിലേക്കെത്തുന്നു
അരുതരുതുണ്ണി എന്ന് പറയാതെ
കുഞ്ഞ്യെടത്തി വിളിക്കുന്നു
ഉണ്ണി നീ പോരു, ഇന്നെന്നോടൊപ്പം
ഈ പുഴയില്‍ നീന്തി തിമിര്‍ക്കെണ്ടേ
ആഴത്തില്‍ മുത്തു പെറുക്കീടാം
പിന്നെ അമ്മക്കുളിരിലുറങ്ങീടാം;
കുഞ്ഞ്യെടത്തി വിളിച്ചപ്പോളുണ്ണിക്ക്
എന്തെന്നില്ലാത്ത സന്തോഷം
കൈക്കു പിടിച്ചുണ്ണി ചെല്ലുന്നു
അഴത്തിലാഴത്തില്‍ ചെല്ലുന്നു
കുഞ്ഞ്യെടത്തി ക്കൊപ്പം ചെന്നുണ്ണി
മിന്നും മുത്തുകള്‍ വാരുന്നു
അമ്മ്ക്കുളിരില്‍ തിമിര്‍ക്കുന്നു
പിന്നെയാ മാറില്‍ മയങ്ങുന്നു

ഈ കവിത ശ്രി ഓഎന്‍ വി കുറുപ്പ് സാറിന്റെ കുഞ്ഞ്യെടത്തി എന്ന കവിതക്ക്‌ ഒരനുബന്ധമായ്‌ എഴുതിയതാണ്.
(കുഞ്ഞ്യെടത്തി നദിയില്‍ മുങ്ങി പോയതിനു ശേഷം ഭാഗം)

No comments:

Post a Comment